Wednesday, 2 March 2016

പ്രേതമരം


തന്‍റെ സ്കൂളില്‍, ഒന്നാംക്ലാസ്സില്‍ ചേരുമ്പോള്‍ത്തന്നെ,മാളു സ്കൂളിലെ പ്രേതശല്യത്തെക്കുറിച്ചു കേട്ടിരുന്നു. ഓരോവര്‍ഷവും ആ കഥ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടുമിരുന്നു... രാത്രികളില്‍ , സ്കൂള്‍ ഗ്രൌണ്ടിന്‍റെ ഒരറ്റത്തു നില്ക്കുന്ന ഉണങ്ങിയ ചില്ലകളുള്ള മരത്തില്‍ ഒരു പ്രേതത്തെ പലരും കണ്ടിട്ടുണ്ടത്രേ! 

അതിനെക്കുറിച്ചുള്ള കഥ ഇങ്ങനെയാണ്. കുറെയേറെ വര്‍ഷങ്ങള്‍ക്കു മുമ്പ്, മാളുവിന്‍റെ സ്കൂള്‍ ഒരു ആശുപത്രിയായിരുന്നു. ആ ആശുപത്രിയില്‍ ഒരു രാത്രി ............




നിലാവുള്ള ഒരു രാത്രിയായിരുന്നു. അന്ന്‍ ആശുപത്രിയില്‍ അധികം രോഗികള്‍ ഇല്ലായിരുന്നു. അവിടെ ഒരു ഡോക്ടറിന്റെ മുറിയില്‍ ഗൌരി എന്ന ഒരു നെഴ്സ്‌ ഏതോ ഫയലെടുക്കുവാന്‍ പോയി. ഡോക്ടര്‍ നേരത്തെതന്നെ വീട്ടില്‍പോയിരുന്നു. 

പിറ്റേന്നു രാവിലെ ആ മുറി വൃത്തിയാക്കാനെത്തിയ തൂപ്പുകാരി അലറിക്കരഞ്ഞുകൊണ്ടു പുറത്തേക്കോടി. അപ്പോഴാണ്‌ ഗൌരി ആത്മഹത്യചെയ്തു എന്ന വാര്‍ത്ത പുറത്തെ ആളുകള്‍ അറിഞ്ഞത്. എന്താണ് അതിനുള്ള കാരണമെന്നു മാത്രം ആര്‍ക്കും അറിയില്ല.

സ്കൂള്‍ ഗ്രൌണ്ടിന്റെ വലതുവശത്തായി ഒരിലപോലുമില്ലാത്ത, ഉണങ്ങിത്തുടങ്ങിയ ഒരു മരമുണ്ട്. വര്‍ഷങ്ങളായി അത് അങ്ങനെ തന്നെ നില്‍ക്കുന്നു. ഇതാണ് സ്കൂളിലെ പ്രേതമരം. ഈ മരത്തില്‍ ഗൌരിയുടെ ആത്മാവ് ഉണ്ട് എന്നാണു കുട്ടികള്‍ക്കിടയിലുള്ള സംസാരം.

പൌര്‍ണമിരാത്രികളില്‍ ഗൌരിയുടെ ആത്മാവ് സ്കൂള്‍ വളപ്പില്‍ നടക്കും. അപ്പോഴോക്കെ ഒരു പൂച്ചയുടെ കരച്ചിലും കേള്‍ക്കാറുണ്ട് എന്നും പറഞ്ഞു കേള്‍ക്കുന്നു. അതു ചിലപ്പോള്‍ ഗൌരിയുടെ വളര്‍ത്തു പൂച്ചയാകാം.

മാളുവിന്റെ സഹപാഠി മിഥുന്‍ പറയുന്നത് അവന്‍ ഗൌരിയെ കണ്ടിട്ടുണ്ടെന്നാണ്. പക്ഷേ മാളു ഇതുവരെ പ്രേതത്തെ കണ്ടിട്ടില്ല.

ഇനി ആ മരം എത്രനാള്‍ അവിടെ ഉണ്ടാകും എന്നു മാളുവിന്നറിയില്ല. അതിന്റെ ചില ശാഖകള്‍ ഒടിഞ്ഞു വീണിരിക്കുന്നു. എങ്കിലും ആ മരം ഇപ്പോഴും തലയുയര്‍ത്തി നില്ക്കുന്നു. സ്കൂളില്‍ ഇത്രയധികം ചര്‍ച്ചാവിഷയമായ ഒരു മരം വേറെയില്ല.     

പുതിയ ഒരു കുട്ടി, സ്കൂളില്‍ ചേര്‍ന്നാല്‍ ഈ കഥ ആരെങ്കിലും പറയുന്നതു കേള്‍ക്കാം. മാളുവിന്റെ സ്കൂളില്‍ ആദ്യമായി വരുന്നവരെ പേടിപ്പെടുത്തുന്ന ഒരു കഥയാണിത്. ഒരിക്കലും അവസാനിക്കാതെ ഈ കഥ തുടര്‍ന്നു കൊണ്ടിരിക്കുന്നു ......


(ഈ കഥയിലെ പേരുകള്‍ തികച്ചും സാങ്കല്‍പ്പികം മാത്രം)

Friday, 30 October 2015

ശ്രീക്കുട്ടി

ഇന്നു രാവിലെ മുതല്‍ വലിയ സന്തോഷത്തില്‍ ആയിരുന്നു മാളു. കാരണം, വീട്ടില്‍ ജോലിക്കു വരുന്ന ചേച്ചിയുടെ കൂടെ ഇന്ന് ഒരു കുട്ടിയും വരുമത്രേ. മാളുവിനു കൊച്ചുകുട്ടികളെ വലിയ ഇഷ്ടമാണ്. 10 മണിവരെ മാളു ഫ്ലാറ്റിന്റെ വാതുക്കല്‍ കാത്തു നിന്നു. വെറുതെ കാത്തു നിന്നു എന്നു പറഞ്ഞാല്‍ ശരിയാവില്ല. കാത്തു കാത്തു നിന്നു എന്നു വേണം പറയാന്‍. ഒടുവില്‍ ഇതില്‍ കൂടുതല്‍ ഒന്നും എനിക്കു കാത്തു നില്‍ക്കാന്‍ വയ്യ എന്ന ചിന്തയോടെ അവള്‍ മുറിയിലേക്കു പോയി. ആ ചേച്ചിയാണെങ്കില്‍ ചിലപ്പോള്‍ പത്തരയാകുമ്പോഴേ വരൂ. മുറിയിലെത്തിയതും കോളിംഗ് ബെല്‍ മുഴങ്ങി.
അവള്‍ ഓടിപ്പോയി വാതില്‍ തുറന്നു. ചേച്ചി തന്നെ! ചേച്ചിയുടെ വിരല്‍ പിടിച്ച് തലയില്‍ മുല്ലപൂവ് ചൂടി, മൂന്നോ നാലോ വയസ്സുള്ള  ഒരു കുട്ടിയും.
കണ്ടാല്‍ തോന്നും, ഒരു പാവമാണെന്ന്. അങ്ങനെ തന്നെയാണു പാവം മാളുവും കരുതിയത്‌. ചേച്ചി അവളുടെ കയ്യില്‍ ഒരു പുസ്തകം  കൊടുത്തിട്ടു പഠിക്കാന്‍ പറഞ്ഞു. മാളുവാകട്ടെ പ്രത്യേകിച്ചു പണിയൊന്നും ഇല്ലാത്തതു കൊണ്ട് ആവളെ പഠിപ്പിക്കാമെന്നു തീരുമാനിച്ചു. അവള്‍ക്കു ആദ്യം സംസാരിക്കാന്‍ നാണമായിരുന്നു നമ്മുടെ മാളുവിനല്ല ശ്രീക്കുട്ടിക്ക്! ചേച്ചിയോടു അവളുടെ പേരു ചോദിച്ചു. “ശ്രീക്കുട്ടി” 
ചേച്ചി പറഞ്ഞു.
അമ്മ പോയിക്കഴിഞ്ഞപ്പോള്‍ പിന്നെ ശ്രീക്കുട്ടി വലിയ നാണമൊന്നും കാണിച്ചില്ല. ശ്രീക്കുട്ടി “വീട്ടില്‍ അതൊണ്ട്, ഇതൊണ്ട്” എന്നൊക്കെ പറയുന്നുണ്ടായിരുന്നു.
എന്നാല്‍ അവള്‍ വെറുതെ കള്ളം പറയുകയാണെന്നു ചേച്ചി പറഞ്ഞു. മാളുവിനും അതു മനസ്സിലായിരുന്നു.
ഉച്ചസമയം വരെ മാളുവും ശ്രീക്കുട്ടിയും നല്ല കൂട്ടായിരുന്നു. കുറച്ചു നേരം മാളു ശ്രീക്കുട്ടിയെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ പഠിപ്പിച്ചു. പിന്നെ മാളു ആവശ്യപ്പെട്ട ഓരോരോ കാര്യങ്ങള്‍ ചെയ്തു കൊടുത്തു. പക്ഷേ, ഉച്ച കഴിഞ്ഞപോള്‍ ശ്രീക്കുട്ടി മാളുവിന് ഒരു കൊച്ചുശല്യം ആയിത്തുടങ്ങി. എന്തു കണ്ടാലും അതുവേണം ഇതുവേണം എന്നു ബഹളമായിരുന്നു. കൊടുത്തില്ലെങ്കില്‍ കരച്ചിലായി. ശ്രീക്കുട്ടിയുടെ കരച്ചില്‍ കേട്ടാല്‍ മറ്റുള്ളവര്‍ കരുതും മാളു അവളെ അടിക്കുകയോ പിച്ചുകയോ ചെയ്തു കാണുമെന്ന്!
അവളുടെ ശല്യം സഹിക്കാനാവാതായപ്പോള്‍ എങ്ങനേയും നാലു മണി ആയാല്‍ മതിയെന്നായി മാളുവിന്. നാലുമണിയാമ്പോള്‍ ചേച്ചി പോകും.
ഒടുവില്‍ ചേച്ചിയും ശ്രീക്കുട്ടിയും പോയപ്പോഴാണ് മാളുവിനു സമാധാനമായത്. എന്തായാലും മാളുവിന് ഒരു കാര്യം മനസ്സിലായി, കുട്ടികള്‍ക്ക്‌ ഒരിക്കലും അധിക സ്വാതന്ത്ര്യം കൊടുക്കരുത്.

Saturday, 4 April 2015

മിഥുന്റെ വികൃതി

ഓട്ടോയില്‍ ഞങ്ങള്‍ അഞ്ചു പേരാണ് സ്കൂളിലേക്ക് പോകുന്നത്. എന്റെ സഹപാഠിയായ മിഥുനും അതേ ഓട്ടോയില്‍തന്നെയാണ് യാത്ര. വെറുതെ വഴക്കുണ്ടാക്കാന്‍ വരുന്ന ഒരു കുറുമ്പുകാരനാണ് മിഥുന്‍. ഓട്ടോയില്‍ എല്ലാവരുമായും അവന്‍ വഴക്കുണ്ടാക്കും. അവന്റെ ഓരോരോ കുറുമ്പുകള്‍ പലപ്പോഴും അവനു ടീച്ചര്‍മാരുടെയും ഓട്ടോ അങ്കിളിന്റെയുമൊക്കെ കൈയ്യില്‍ നിന്നും നല്ല വഴക്കുകള്‍ കിട്ടാനുള്ള അര്‍ഹത നേടി കൊടുക്കാറുണ്ട്.

കഴിഞ്ഞകൊല്ലം, അഞ്ചാം ക്ലാസില്‍ പഠിക്കുന്ന  സമയത്ത് മിഥുന്‍ കാണിച്ച ഒരു വികൃതി ഞങ്ങളെയെല്ലാവരേയും വല്ലാതെ പേടിപ്പിച്ചു. 

സാധാരണ പോലെ അന്നും ഒരു സ്കൂള്‍ ദിനം അവസാനിച്ച് ഞങ്ങള്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു. അമൃത ചേച്ചിയുടെ വീടിനടുത്ത് ഓട്ടോ നിര്‍ത്തി. വീട് റോഡിന്റെ വലതു വശത്തതായിരുന്നത്‌ കൊണ്ടു, അമൃത ചേച്ചിക്കു റോഡു മുറിച്ചു കടന്നു വേണം വീട്ടിലെത്താന്‍. ഓട്ടോ അങ്കിള്‍ അമൃത ചേച്ചിയുമായി ഓട്ടോയില്‍ നിന്നും പുറത്തിറങ്ങി

അവര്‍ റോഡിന്റെ മദ്ധ്യേ എത്തിയപോഴാണ് അത് സംഭവിച്ചത്മിഥുന്‍ പെട്ടന്ന്‍ ഡ്രൈവിംഗ് സീറ്റിലേക്ക് ചാടിക്കയറി. അവന്‍ എന്താണ് ചെയ്തതെന്ന് എനിക്കു അറിയില്ല, വണ്ടി ഒന്നു ചാടി, പെട്ടന്ന് അല്പദൂരം മുന്നോട്ട് ഓടി.

ഞങ്ങള്‍ ഉറക്കെ നിലവിളിച്ചു പോയി. ശബ്ദം കേട്ട്‌ റോഡിന്റെ മറുവശത്ത്‌  എത്തിയ അങ്കിള്‍ തിരിഞ്ഞു നോക്കി. അമൃത ചേച്ചിയെ വീടിനു മുന്നില്‍ വിട്ട് അങ്കിള്‍ എങ്ങനെയോ ഓടി ഓട്ടോയുടെ അടുത്തെത്തി. അപ്പോഴേക്കും റോഡരികിലെ മണലിലേക്കിറങ്ങി ഓട്ടോ നിന്നിരുന്നു. ഞങ്ങള്‍ എല്ലാവരും പേടിച്ചു വിറയ്ക്കുകയായിരുന്നു.

അന്നാദ്യമായാണ് ഓട്ടോ അങ്കിള്‍ ദേഷ്യപ്പെടുന്നത് ഞങ്ങള്‍ കണ്ടത്. പക്ഷേ മിഥുന് ഒരു കൂസലുമില്ല; അങ്കിളിന്റെ വഴക്കു കേള്‍ക്കുമ്പോള്‍ മിഥുന്‍ പറഞ്ഞു: “അതിനിപ്പോ കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ! പിന്നെന്താ?”

പക്ഷേ കുഴപ്പമുണ്ടായത് അവന്‍ വീട്ടില്‍ എത്തിയപ്പോഴാണ്. അവന്‍റെ അമ്മയില്‍ നിന്നും കിട്ടിയ ചൂരല്‍ പ്രയോഗത്തിന്‍റെ പാടുകള്‍ കുറെ ദിവസം അവന്‍റെ കാലില്‍ മായാതെ കിടന്നു.